വടക്കഞ്ചേരി: കറ്റുക്കോട് ചൊവ്വല്ലൂർ വീട്ടിലെ ജോസ്ഫീന വലിയ സന്തോഷത്തിലാണ്. കരസേനയിലെ ഉയർന്ന റാങ്കായ കേണൽ പദവി മകൾ ഷെറീനയ്ക്കു ലഭിച്ചതിലുള്ള സന്തോഷത്തിലും അഭിമാനത്തിലുമാണ് ജോസ്ഫീന. ഏറ്റവും ഉയർന്ന റാങ്കായ ബ്രിഗേഡിയറിനു തൊട്ടുതാഴെ വരുന്നതാണ് കേണൽ പദവി.
ലക്നോയിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ ജോസ്ഫീനയാണ് സേനാമേധാവികളുടെ നിർദേശപ്രകാരം മകൾ ഷെറീനയുടെ യൂണിഫോമിൽ കേണൽബാഡ്ജ് ചാർത്തിയത്. മൂന്നു സേനാവിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു അതെന്ന് ജോസ്ഫീന പറഞ്ഞു.
ലോക വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കേണൽ ഷെറീനയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ആദരിച്ച വാർത്തയും വീടിനും നാടിനും അഭിമാനനിമിഷങ്ങളായി. ലക്നോയിൽ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡെപ്യൂട്ടി പ്രിൻസിപ്പൽ കം മേട്രണായാണ് (ഡിപിഎം) ഷെറീന ഇപ്പോൾ സേവനം ചെയ്യുന്നത്.
തൃശൂർ വടൂക്കര തേറാട്ടിൽ നോബലാണ് ഭർത്താവ്. എംഎസ്സി വിദ്യാർഥിനി ആൻ നോബൽ, പ്ലസ് ടു വിദ്യാർഥി ആൽഡൺ നോബൽ എന്നിവരാണ് മക്കൾ.